Society Today
Breaking News

ബംഗളുരു: 202526  ആകുമ്പോള്‍  രാജ്യത്തെ  ഇലക്‌ട്രോണിക്‌സ് ഉല്‍പ്പാദന ശേഷി 24 ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  പത്ത്  ലക്ഷം തൊഴിലവസരങ്ങള്‍ ഇതിലൂടെ  രാജ്യത്ത്  സൃഷ്ടിക്കപ്പെടും.ന്യൂ ഇന്ത്യ ഫോര്‍ യംഗ് ഇന്ത്യ പദ്ധതിയുടെ  ഭാഗമായി ബംഗളൂരുവിലെ ഗവണ്‍മെന്റ് ശ്രീകൃഷ്ണ രാജേന്ദ്ര സില്‍വര്‍ ജൂബിലി ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ (എസ്‌കെഎസ്‌ജെടിഐ) വിദ്യാര്‍ത്ഥികളുമായി ജ്ഞാനജ്യോതി ഓഡിറ്റോറിയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക  ഇന്ത്യയിലെ  അവസരങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളുമായി സംവദിക്കുന്ന  ദിനം  സാന്ദര്‍ഭികമായി പ്രമുഖ കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ  (അപ്പു)    ജന്മദിനം  കൂടി  ആയതിനെ    അനുസ്മരിച്ചു കൊണ്ട് ഈ  ദിവസം 'സ്പൂര്‍തി ദിന'  (പ്രചോദന  ദിനം ) മായി  ആചരിക്കപ്പെടുന്നത്  ഏറെ  അനുയോജ്യമാണെന്ന്  അദ്ദേഹം പറഞ്ഞു.

2014 ന് മുമ്പും നരേന്ദ്ര മോദി ജി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 ന് ശേഷവും ശേഷവും എന്ന  രീതിയില്‍  ഇന്ത്യയെ താരതമ്യം ചെയ്തുകൊണ്ട് 'രാജ്യം ഇന്ന് ഒരു മാറ്റത്തിന്റെ  ഘട്ടത്തിലാണ്. അതിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ കാലഘട്ടവും ഇതാണ്.ഇന്നത്തെ വിദ്യാര്‍ഥികള്‍  സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ 'ഏറ്റവും ഭാഗ്യമുള്ള തലമുറ' യാണെന്ന്  അദ്ദേഹം പറഞ്ഞു.ഇന്ന്, യുവ ഇന്ത്യക്കാരാണ് ഇന്ത്യയുടെ ടെക്കാഡില്‍ (സാങ്കേതികതയിലൂന്നിയ ദശകം ) രാജ്യ പുരോഗതിയെ മുന്നോട്ടു നയിക്കുന്നത്. 110 യൂണികോണുകള്‍ ഉള്‍പ്പെടെ 90,000ലധികം സ്റ്റാര്‍ട്ടപ്പുകള്‍  ഇന്നുണ്ട്. അതില്‍ യുവ ഇന്ത്യക്കാര്‍ വലിയ പങ്കുവഹിക്കുന്നു. അവരുടെ കഠിനാധ്വാനവും പ്രയത്‌നവും കൊണ്ടാണ് അവര്‍ വിജയം നേടിയത്, അല്ലാതെ ഏതെങ്കിലും ബന്ധങ്ങളോ പേരിന്റെ  പെരുമയോ  കൊണ്ടല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രവര്‍ത്തനരഹിതമായ  ഒരു ജനാധിപത്യത്തിന്റെയും ഭരണത്തിന്റെയും പഴയ  കാലം   ഇന്ന്  പ്രവര്‍ത്തനക്ഷമതയുള്ള   ജനാധിപത്യത്തിലേക്കും ഭരണത്തിന്റെ  കുറച്ചു  മാത്രം  ഇടപെടലുകളിലേക്കും  മാറിയിരിക്കുന്നു . അതിനു നമ്മള്‍   പ്രധാനമന്ത്രിയോട്  ഏറെ  കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു.

തുടര്‍ന്ന്  മന്ത്രി  അവരുമായി തുറന്ന  ചര്‍ച്ചയില്‍  പങ്കെടുത്തു. നൈപുണ്യ  വികസനം , ഗവേഷണം ഇന്നൊവേഷന്‍  ആവാസവ്യവസ്ഥ , രാജ്യത്ത് ലഭ്യമായ സംരംഭക  അവസരങ്ങള്‍   തുടങ്ങി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സുമായി    സമീപകാലത്ത്  നടന്ന   കൂടിക്കാഴ്ച  വരെയുള്ള   ചോദ്യങ്ങള്‍ക്ക് അദ്ദേഹം  ഉത്തരം നല്‍കി.ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ എന്ന ആശയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരേ  ലക്ഷ്യത്തോടെ  യോജിച്ച് പ്രവര്‍ത്തിച്ചാല്‍, സാമ്പത്തിക വികസനത്തിന്റെ വേഗത വര്‍ദ്ധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരു ട്രെയിനിലെന്നപോലെ, കൂടുതല്‍ വേഗതയും കുതിപ്പും കൈവരിക്കാന്‍ നിങ്ങള്‍ കൂടുതല്‍ കുതിരശക്തി ഉപയോഗിക്കുകയാണെങ്കില്‍, സംസ്ഥാനങ്ങളും കേന്ദ്രവും പങ്കിടുന്ന ഒരു പൊതു ലക്ഷ്യമുണ്ടെങ്കില്‍, കൂടുതല്‍  സാമ്പത്തിക അവസരങ്ങളും വികസനവും ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

സിലിക്കണ്‍ വാലി ബാങ്ക്   പ്രതിസന്ധിയെത്തുടര്‍ന്ന്  സ്റ്റാര്‍ട്ടപ്പുകളുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറ്റേതൊരു രാജ്യത്തെ ബാങ്കിംഗ് സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടേത്  കൂടുതല്‍ പ്രതിരോധശേഷിയുള്ളതും ശക്തവുമാണ്. അതിനാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ബാങ്കിംഗ് പങ്കാളികളായി ഇന്ത്യന്‍ ബാങ്കുകളെ തിരഞ്ഞെടുക്കണമെന്നായിരുന്നു മറുപടി.ഡിജിറ്റല്‍, സംരംഭക മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്നു  വരുന്ന  മാറ്റങ്ങള്‍  സംബന്ധിച്ച്    ഉള്‍പ്പെടുന്ന സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനായി  രാജീവ് ചന്ദ്രശേഖര്‍ ആരംഭിച്ച ആശയവിനിമയ പരമ്പരയാണ് 'ന്യൂ ഇന്ത്യ ഫോര്‍ യംഗ് ഇന്ത്യ'. കഴിഞ്ഞ 18 മാസത്തിനുള്ളില്‍  ഇതിനായി അദ്ദേഹം ഇന്ത്യ  മുഴുവന്‍  സന്ദര്‍ശിക്കുകയും യുവ ഇന്ത്യക്കാരുമായി സംവദിക്കുകയും ചെയ്തു.  മന്ത്രിയുടെ  44ാമത്തെ  സന്ദര്‍ശനമാണ്  ഇന്നലെ നടന്നത്.


 

Top